കേരള തീരത്ത് ചക്രവാതച്ചുഴി; അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
Wednesday, November 13, 2024 2:33 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാട് - തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാടിനു സമീപം ചക്രവാതച്ചുഴിയായി ദുർബലമായി. തെക്കുകിഴക്കൻ അറബിക്കടലിനു മുകളിലായി കേരള തീരത്തിന് സമീപം മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും തമിഴ്നാട് തീരം, അതിനോട് ചേർന്ന തെക്കൻ ആന്ധ്രാപ്രദേശ് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.