സ്വര്‍ണത്തിന് ക്ഷീണകാലം; വില വീണ്ടും താഴേക്ക്, 56000ത്തിലേക്ക് തിരിച്ചിറങ്ങി
Wednesday, November 13, 2024 10:56 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 56,360 രൂപയിലും ഗ്രാമിന് 7,045 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,810 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 46,480 രൂപയിലുമെത്തി.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്നു. പിന്നാലെ വെള്ളിയാഴ്ച പവന് 680 രൂപ വർധിച്ചെങ്കിലും ശനിയാഴ്ച പവന് 80 രൂപയും തിങ്കളാഴ്ച 440 രൂപയും കുറഞ്ഞിരുന്നു. 60,000 കടക്കും എന്ന് പ്രതീക്ഷിക്കുന്ന ദിവസങ്ങളിലാണ് സ്വർണവിലയിൽ കയറ്റിറക്കങ്ങളുണ്ടായത്.
രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ 2,800 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ഔൺസിന് 2,790 ഡോളർ എന്ന സർവകാല റിക്കാർഡിലെത്തിയ രാജ്യാന്തര സ്വർണവില ഇന്ന് രാവിലെ 2,590 ഡോളർ വരെ ഇടിഞ്ഞിരുന്നു. നിലവിൽ അല്പം തിരിച്ചുകയറി 2,609 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിനു ശേഷം രാജ്യാന്തരവില 2,600 ഡോളറിന് താഴെയെത്തിയത് ആദ്യമാണ്.
അതേസമയം, വെള്ളിനിരക്കില്‍ വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.