ഹർജി തീർപ്പാക്കി; മാമി തിരോധാനക്കേസിൽ സിബിഐ അന്വേഷണമില്ല
Tuesday, October 1, 2024 7:45 PM IST
കൊച്ചി: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന മാമിയുടെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി.
കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിച്ചുവരികയാണെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് തത്കാലം സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനത്തിലേക്ക് സിംഗിൾ ബെഞ്ച് എത്തിയത്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിനെ 2023 ഓഗസ്റ്റ് 22നാണ് കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്മെന്റിൽ നിന്ന് ഓഗസ്റ്റ് 21ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മുഹമ്മദ് ആട്ടൂർ ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. നടക്കാവ് പോലീസാണ് കേസ് ആദ്യം അന്വേഷിച്ചിച്ചത്.
ഇത് കാര്യക്ഷമമല്ലെന്ന ആക്ഷേപം കുടുംബം തുടക്കം മുതൽ ഉന്നയിച്ചിരുന്നു. കോഴിക്കോട് കമ്മീഷണരുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് എഡിജിപി എം.ആര്. അജിത് കുമാര്‍ കൈമാറിയത്.
കേസിൽ എഡിജിപി എം.ആര്.അജിത് കുമാറിനെ ബന്ധപ്പെടുത്തിയുള്ള ആരോപണം പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.