ബ്രിജ് ഭൂഷന്റെ ശക്തി പ്രകടന റാലി മാറ്റി
Friday, June 2, 2023 4:05 PM IST
ന്യൂഡല്‍ഹി: ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരൺ സിംഗ് തിങ്കളാഴ്ച നടത്താനിരുന്ന ശക്തി പ്രകടന റാലി മാറ്റിവച്ചു. പോലീസ് അന്വേഷണം നടക്കുന്നത് കൊണ്ടാണ് റാലി മാറ്റിയതെന്നാണ് വിശദീകരണം.
ഗുസ്തിതാരങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ തലത്തില്‍ പിന്തുണ വര്‍ധിക്കുന്നതിനിടെയാണ് റാലി നടത്തി പ്രതിരോധം തീര്‍ക്കാന്‍ ബ്രിജ് ഭൂഷന് തീരുമാനിച്ചത്. പോക്സോ നിയമത്തില്‍ ഭേഗതി ആവശ്യപ്പെട്ട് അയോധ്യയില്‍ 'ജന്‍ചേതന മഹാറാലി' എന്ന പേരില്‍ റാലി നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ബിജെപിയുടെ ഭാഗത്തുനിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് റാലി മാറ്റിയതെന്നാണ് സൂചന.
അതേസമയം പോലീസ് അന്വേഷണം പുരോഗമിക്കുന്നതുകൊണ്ട് തത്ക്കാലത്തേയ്ക്ക് റാലി മാറ്റി വയ്ക്കുകയാണെന്നാണ് ബ്രിജ് ഭൂഷണ് ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്തെ പല മതമേലധ്യക്ഷന്മാരുടെയും പതിനായിരക്കണക്കിന് സ്വകാര്യ വ്യക്തികളുടെയും പിന്തുണ തനിക്കുണ്ടെന്നും ബ്രിജ് ഭൂഷന് അവകാശപ്പെട്ടു.