നിയമനക്കോഴ വിവാദം; സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പോലീസിന് കൈമാറും
Saturday, September 30, 2023 8:57 AM IST
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമനക്കോഴ വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ കാത്ത് പോലീസ്. ഏപ്രില്‍ 10ലെ സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങള്‍ ഇന്ന് പോലീസിന് കൈമാറും.
മന്ത്രി വീണാ ജോർജിന്റെ പേഴ്സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിന് സെക്രട്ടറിയേറ്റിന് സമീപത്തുവച്ച് അന്ന് പണം നല്‍കിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഇക്കാര്യം പോലീസ് പരിശോധിക്കും.
അഖില്‍ മാത്യുവിന്റെ പേരില്‍ മാറ്റാരെങ്കിലും പണം വാങ്ങിയോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. നേരത്തെ, ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകും.
അതേസമയം, തനിക്കെതിരെയുള്ളത് വ്യാജപരാതിയാണെന്ന് കാട്ടി അഖില്‍ മാത്യു നല്കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് ഹരിദാസന്റെ മൊഴിയെടുത്തു. എട്ടേമുക്കാല് മണിക്കൂറാണ് ഹരിദാസന്റെ മൊഴിയെടുപ്പ് നീണ്ടത്.
താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഹരിദാസന് മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയത് അഖില്‍ മാത്യു തന്നെയെന്ന് വിശ്വസിക്കുന്നെന്നും ഹരിദാസന് പറഞ്ഞു.