കേരളത്തിൽ മൗനം; തമിഴ്നാട്ടിലെ വിവാദ ബ്ലീച്ചിംഗ് പൗഡർ ഇടപാടിൽ റെയ്ഡ്
Tuesday, June 6, 2023 6:23 PM IST
ചെന്നൈ: ബ്ലീച്ചിംഗ് പൗഡർ ഇടപാടിൽ ക്രമക്കേട് കാണിച്ച ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ വസതിയിൽ റെയ്ഡ് നടത്തി തമിഴ്നാട് പോലീസ്. ധർമപുരി ജില്ലയിലെ കരിമംഗലം യൂണിയൻ ബിഡിഒ ആയ പി. കൃഷ്ണന്റെ വസതിയിലാണ് വിജിലൻസ് വിഭാഗം റെയ്ഡ് നടത്തിയത്.
2019 - 2020 കാലഘട്ടത്തിൽ പെന്നഗരം ബിഡിഒ ആയിരിക്കെ, 33 പഞ്ചായത്തുകൾക്കായി ബ്ലീച്ചിംഗ് പൗഡർ വാങ്ങിയെന്ന രേഖയുണ്ടാക്കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കൃഷ്ണനെതിരായ ആരോപണം. ഇടപാടിന് അനുമതി നൽകിയ ജില്ലാ കളക്ടർ എസ്. മലർവിഴിയും കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.
കരാറിനായി ബ്ലോക്കിലെ പഞ്ചായത്തുകളെ സ്വന്തം ഇഷ്ടപ്രകാരം നാല് സോണുകളായി തിരിച്ച കൃഷ്ണൻ, ധർമപുരി ജില്ലയിൽ നിന്ന് ഏറെ അകലെയുള്ള സ്ഥലത്ത് നിന്നാണ് ബ്ലീച്ചിംഗ് പൗഡർ വാങ്ങാൻ പദ്ധതിയിട്ടത്. കരാറിലെ തിരിമറികളിലൂടെയും ടെൻഡറിലെ സുതാര്യതയില്ലായ്മയും ഉപയോഗിച്ചും ഇഷ്ടക്കാരുടെ കമ്പനിക്കാണ് കൃഷ്ണൻ ഓർഡർ നൽകിയത്.
ഒരൊറ്റ ദിവസം കൊണ്ട് ടെൻഡർ നടപടികൾ പൂർത്തിയാക്കി പണം അതിവേഗം കൈമാറ്റം ചെയ്ത കൃഷ്ണൻ, യഥാർഥ ഡെലിവറി നടക്കും മുന്പുതന്നെ ബ്ലീച്ചിംഗ് പൗഡർ കൈപ്പറ്റിയതായും രേഖ സൃഷ്ടിച്ചു.