സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ അന്തേവാസിക്ക് വെട്ടേറ്റു; പ്രതി കസ്റ്റഡിയില്‍
Friday, June 2, 2023 4:04 PM IST
കോഴിക്കോട്: സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലെ ഉദയം അഗതി മന്ദിരത്തില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.
അന്തേവാസിയായ ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. റാവുത്തര്‍ എന്നറിയപ്പെടുന്ന സാലുദീന്‍ (68) എന്നയാളാണ് ആക്രമണം നടത്തിയത്. രാവിലെ ജോലിക്കായി പുറത്തിറങ്ങിയപ്പോഴാണ് കൈയിലുണ്ടായിരുന്ന കൊടുവാള്‍ ഉപയോഗിച്ച് സാലുദീന്‍ ബാബുവിനെ വെട്ടിയത്.
സാലുദീനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെട്ടേറ്റ ബാബു ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് ചേവായൂര്‍ പോലീസ് അറിയിച്ചു.