അര്‍ജുനെ കണ്ടെത്തണം; കാലാവസ്ഥ അനുകൂലമെങ്കില്‍ ഡ്രഡ്ജര്‍ ബുധനാഴ്ച പുറപ്പെടും
Tuesday, September 10, 2024 9:31 AM IST
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കാനുളള ശ്രമങ്ങള്‍ക്ക് തുടക്കം. കാലാവസ്ഥ അനുകൂലമെങ്കില്‍ അടുത്തദിവസം ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ പുറപ്പെടും.
ഗോവയില്‍ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്ജര്‍ എത്തിക്കാന്‍ 30-40 മണിക്കൂര്‍ സമയം ആവശ്യമാണ്. നിലവിലെ കണക്ക്കൂട്ടല്‍ പ്രകാരം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തിരച്ചില്‍ തുടങ്ങാനാകും.
കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഡ്രഡ്ജിംഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള ഡ്രഡ്ജര്‍ ആണ് ടഗ് ബോട്ടില്‍ തിരച്ചിലിനായി എത്തിക്കുക. ഇതിന്റെ ചെലവുകളെല്ലാം വഹിക്കാന്‍ തയാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അര്‍ജുന്റെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഈ മാസം 11 വരെ ഉത്തരകന്നഡ ജില്ലയിലും കര്‍ണാടകയുടെ തീരദേശജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്താല്‍ ഡ്രഡ്ജര്‍ കൊണ്ട് വരുന്നതിനും അത് പ്രവര്‍ത്തിപ്പിക്കുന്നതിനും തടസമുണ്ടായേക്കാം.