തൃശൂര്‍: കരുവന്നൂരിനേക്കാള്‍ വലിയ വലിയ തട്ടിപ്പാണ് അയ്യന്തോള്‍ സഹകരണ ബാങ്കില്‍ നടക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനില്‍ അക്കര. തട്ടിപ്പിലൂടെ 100 കോടിയോളം രൂപ അയ്യന്തോള്‍ ബാങ്കിന് നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ചിറ്റിലപ്പള്ളിയിലെ അധ്യാപികയുടെയും റിട്ടയേഡ് തഹസീല്‍ദാരുടെയും ഭൂമി 75 ലക്ഷത്തിന് പണയം വച്ചു. എന്നാല്‍ ഇവരുടെ പേരില്‍ ഇരട്ടിത്തുകയാണ് ബാങ്കിൽനിന്ന് എടുത്തിരുന്നത്. ഒന്നരക്കോടി രൂപയുടെ ജപ്തി നോട്ടീസ് കിട്ടുമ്പോഴാണ് ഇവര്‍ തട്ടിപ്പ് മനസിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒളരിയിലെ വ്യാജ വിലാസത്തിലാണ് ഇവര്‍ക്ക് ലോണ്‍ നല്‍കിയത്. തൃശൂരിലെ പിനാക്കിള്‍ എന്ന ഫ്ലാറ്റിലെ വിലാസങ്ങള്‍ ഉപയോഗിച്ച് ഇത്തരത്തിൽ നാൽപതിലേറെ ലോണ്‍ എടുത്തിട്ടുണ്ടെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു.

ബാങ്ക് ജീവനക്കാരായ പി.സുധാകരന്‍, സുനന്ദാഭായി എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും അനില്‍ അക്കര ആരോപിച്ചു.