അമേഠി കൂട്ടക്കൊല: തെളിവെടുപ്പിനിടെ മുഖ്യപ്രതിക്ക് വെടിയേറ്റു
Saturday, October 5, 2024 11:22 AM IST
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും വീട്ടിൽക്കയറി വെടിവച്ചു കൊന്നക്കേസിലെ മുഖ്യപ്രതിക്ക് തെളിവെടുപ്പിനിടെ വെടിയേറ്റു. ചന്ദൻ വർമ്മയ്ക്കാണ് വെടിയേറ്റത്.
തെളിവെടുപ്പിനിടെ പ്രതി പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നു നടന്ന ഏറ്റുമുട്ടലിലാണ് പ്രതിക്ക് വെടിയേറ്റത്. സ്വയരക്ഷാർഥം വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസുള്ള പെൺമക്കൾ എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു പൂനം നേരത്തേ പോലീസിൽ പരാതി നൽകിയിരുന്നു.
ചന്ദൻ വർമ്മയ്ക്കെതിരെ ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്സി-എസ്സി നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണു പൂനം പരാതിയിൽ ആരോപിച്ചിരുന്നത്.
തന്നെ കൊല്ലുമെന്നു പലതവണ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയിൽ പൂനം ചൂണ്ടിക്കാട്ടിയിരുന്നു.