വിദ്യാർഥിനിയുടെ മരണം; പ്രചരിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളെന്ന് അമൽജ്യോതി കോളജ്
Monday, June 5, 2023 9:33 PM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ പ്രചരിക്കുന്നത് വേദനാജനകമാണെന്ന് കോളജ് അധികൃതർ.
സുതാര്യമായ അന്വേഷണത്തിലൂടെ കാരണങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് കത്ത് സമർപ്പിച്ചതായും കോളജ് അധികൃതർ അറിയിച്ചു.
മേയ് മാസം മുഴുവൻ സർവകലാശാലയുടെ പ്രഖ്യാപിത അവധി ആയിരുന്നതിനാൽ ജൂൺ ഒന്നിനാണ് ശ്രദ്ധ ലേഡീസ് ഹോസ്റ്റലിൽ എത്തിയത്. പിറ്റേന്നു രാത്രി സഹപാഠികൾ അത്താഴത്തിനു പോയസമയത്താണ് എട്ടോടെ ശ്രദ്ധ ജീവനൊടുക്കാനാൻ ശ്രമിച്ചതായി കാണപ്പെട്ടത്.
ഉടൻതന്നെ സമീപത്തുള്ള മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചു. ഇതേവിവരം പോലീസിനെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നു. ആദ്യവസാനം കാര്യങ്ങളെല്ലാം ചെയ്തതത് സുതാര്യതയോടെയായിരുന്നെന്നും നിർഭാഗ്യവശാൽ ശ്രദ്ധയെ രക്ഷിക്കാനായില്ലെന്നും കോളജ് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
രാത്രി വൈകി പിതാവും ബന്ധുവും ആശുപത്രിയിലെത്തി. ജൂൺ മൂന്നിന് കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിൽ ഇൻക്വസ്റ്റിനുശേഷം കോട്ടയം മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തപ്പെട്ടു.
വൈകുന്നേരം എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തുള്ള വീട്ടിൽ അന്ത്യകർമങ്ങളിലും സംസ്കാര ചടങ്ങിലും കോളജ് അധികൃതരും അധ്യാപകരും വിദ്യാർഥികളും സംബന്ധിച്ചു.
ശ്രദ്ധയുടെ മൊബൈൽ, ലാപ്ടോപ്പ് എന്നിവ പോലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുംവരെ അനാവശ്യവും അസത്യപൂർണവുമായ ആരോപണങ്ങളിലൂടെ ഏറെ വേദനിക്കുന്ന അധ്യാപകരെയും ഹോസ്റ്റൽ അധികൃതരെയും സഹപാഠികളെയും പ്രതിക്കൂട്ടിൽ നിർത്തരുത്.
സർക്കാർ നിയമസംവിധാനങ്ങളുടെ ഏത് അന്വേഷണത്തിനും എല്ലാ സഹകരണവും നൽകുമെന്നും മരണത്തിന്റെ യഥാർഥ കാരണങ്ങൾ ഉടൻ കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നതായും മാനേജർ പറഞ്ഞു.
ശ്രദ്ധ സതീഷിന്റെ മരണത്തിൽ കോളജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ, സ്റ്റാഫ്, വിദ്യാർഥികൾ, പിടിഎ എന്നിവർ അനുശോചിച്ചു.