ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവം: രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെൻഷൻ
സ്വന്തം ലേഖകൻ
Saturday, September 30, 2023 6:40 PM IST
പൊന്നാനി: ഗർഭിണിയായ യുവതിക്ക് ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവത്തിൽ മൂന്ന് ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി. രണ്ട് താത്കാലിക ഡോക്ടർമാരെ പിരിച്ചുവിടുകയും ഒരു സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. യുവതിക്ക് കൃത്യമായ പരിചരണം നൽകുന്നതിൽ ഇവരിൽ നിന്നും ജാഗ്രതക്കുറവുണ്ടായെന്ന് വ്യക്തമായതിന് പിന്നാലെയാണ് നടപടി.
യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും തൃശൂർ മെഡിക്കൽ കോളജ് അറിയിച്ചു. പൊന്നാനി മാതൃ-ശിശു കേന്ദ്രത്തിൽ വച്ച് വെള്ളിയാഴ്ചയാണ് വെളിയങ്കോട് സ്വദേശിനി റുക്സാനയ്ക്ക് (26) രക്തം മാറ്റി നല്കിയത്.
ഒ നെഗറ്റീവ് ഗ്രൂപ്പിന് പകരം റുക്സാനയുടെ ശരീരത്തിൽ ബി പോസിറ്റീവ് രക്തം കയറ്റിയെന്ന് നേരത്തെ വ്യക്തമായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് റുക്സാനയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.