കാഷ്മീരിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
Thursday, December 7, 2023 9:03 AM IST
പാലക്കാട്: ജമ്മുകാഷ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാലു ചിറ്റൂർ സ്വദേശികളുടെ മൃതദേഹങ്ങൾ ഡൽഹിയിൽനിന്ന് എയർ ആംബുലൻസിൽ ഇന്നു കേരളത്തിലെത്തിക്കും. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ മനോജിന് അവിടെത്തന്നെ മികച്ച ചികിത്സ നൽകുമെന്നും ചീഫ് സെക്രട്ടറി നേരിട്ട് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും തലോരിൽ നവകേരള സദസിനെത്തിയ മന്ത്രി പറഞ്ഞു. മനോജിന്റെ നില അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കാഷ്മീരിൽതന്നെ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുന്നത്.
മ്മു കാഷ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിനു സമീപം നെടുങ്ങോട്ടെ സുധേഷ് (32), അനില്‍ (34), രാഹുല്‍ (28), വിഘ്നേഷ് (23) എന്നിവർ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മനോജും വിനോദസഞ്ചാര സംഘത്തിലെ മറ്റു രണ്ടുപേരും ശ്രീനഗർ ആശുപത്രിയിലാണ്.