കാത്തിരിപ്പിന് വിരാമം; തട്ടിക്കൊണ്ടുപോയ അബിഗേലിനെ കൊല്ലത്തുനിന്ന് കണ്ടെത്തി
Tuesday, November 28, 2023 1:44 PM IST
കൊല്ലം: ഓയൂരില്‍ നാലംഗസംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ആഗ്രഹിക്കുന്ന മോചനദ്രവ്യം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞതാകാമെന്നാണ് നിഗമനം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കോടതിയില്‍ ഹാജരാക്കിയ ശേഷം കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറും. കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ സഹോദരനോടൊപ്പം ട്യൂഷന് പോകുമ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് രണ്ട് തവണ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന്റേതെന്ന് കരുതിയ ഫോണ്‍ കോളുകള്‍ എത്തിയിരുന്നു.
ആദ്യം അഞ്ച് ലക്ഷവും പിന്നീട് പത്ത് ലക്ഷവുമാണ് സംഘം ആവശ്യപ്പെട്ടത്. അബിഗേലിനായി പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
അടഞ്ഞുകിടക്കുന്ന വീടുകളിലും വിജനമായ പ്രദേശങ്ങളിലുമടക്കം നാട്ടുകാരും തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതോടെ മറ്റ് വഴിയില്ലാതെ കുഞ്ഞിനെ തിരക്കുള്ള സ്ഥലത്ത് ഉപേക്ഷിച്ച് അജ്ഞാതസംഘം കടന്നുകളയുകയായിരുന്നെന്നാണ് വിവരം.