ഡല്‍ഹി മദ്യനയക്കേസ്:എഎപി എംപി സഞ്ജയ് സിംഗിന്റെ വീട്ടില്‍ റെയ്ഡ്
Wednesday, October 4, 2023 9:26 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. രാവിലെ ഏഴിനാണ് പരിശോധന ആരംഭിച്ചത്.
2020ല്‍ മദ്യശാലകള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടെയും മദ്യനയത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയ കരാറുകാരുടെയും ബിസിനസുകാരുടെയും വീടുകളും ഓഫീസുകളിലും ഇഡി പരിശോധന നടത്തിയിരുന്നു.
എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്ന ദിവസമാണ് സഞ്ജയ് സിംഗിന്റെ വസതിയില്‍ പരിശോധന. എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ സിസോദിയയെ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ്ചെയ്തിരുന്നു.
ഏപ്രിലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എഎപി നേതാക്കളെ കള്ളക്കേസ് ചുമത്തി ബിജെപി ജയിലില്‍ അടയ്ക്കുകയാണെന്ന് കെജരിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.