ഉരുൾപൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി
Monday, August 12, 2024 5:26 AM IST
എടക്കര: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചാലിയാറില്‍നിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് ചുങ്കത്തറ കൈപ്പിനി ചക്കൂറ്റി കടവില്നിന്നാണ് പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹം നാട്ടുകാര്‍ കണ്ടത്.
എടക്കര പോലീസ് സ്ഥലത്തെത്തി മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ 13 ദിവസങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 79 ആയി. ഇതില്‍ 40 പുരുഷന്മാരും 32 സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളും ഉള്‍പ്പെടും.
166 ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 244 പോസ്റ്റ്മോർട്ടം പൂര്‍ത്തീകരിച്ചു. രണ്ടു പെണ്‍കുട്ടികളുടെയും ഒരു പുരുഷന്റേതുമുൾപ്പെടെ മൂന്നു പേരെയാണ് നിലമ്പൂരില്‍നിന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.