നികുതിഭാരത്തിന് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥത, യുഡിഎഫ് കരിദിനമാചരിക്കും: സതീശന്
Saturday, April 1, 2023 4:21 PM IST
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ മേല്‍ കെട്ടിവച്ച നികുതി ഭാരം പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് കരിദിനമാചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ചരിത്രത്തില്‍ ഇത് വരെയുണ്ടാകാത്ത തരത്തിലുള്ള നികുതിഭാരത്തിന് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്.
നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. സര്‍ക്കാരിന്റെ പരാജയം സാധാരണക്കാരന്റെ തലയിലെത്തിനില്ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് ജപ്തിനോട്ടീസുകളാണ് പ്രവഹിച്ചത്. ആളുകള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല.
ട്രഷറി പൂട്ടുമെന്ന് പറഞ്ഞിട്ട് പൂട്ടിയില്ലല്ലോ എന്നാണ് കഴിഞ്ഞ ദിവസം എം.വി.ഗോവിന്ദന് പറഞ്ഞത്. ട്രഷറി പൂട്ടുന്നതിനേക്കാള്‍ ദയനീയമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
മാസങ്ങളായി 25 ലക്ഷത്തിന് മേലുള്ള ചെക്ക് പാസാവില്ലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് പോലും പാസാവാത്ത സ്ഥിതിയാണുള്ളത്.
കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കാനുള്ളതെന്നും സതീശന് പറഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ച വകയില്‍ കോടികള്‍ കൊടുക്കാനുണ്ട്. റബര്‍ കര്‍ഷകര്‍ക്കും കോടികള്‍ കൊടുക്കാനുണ്ട്. ഇപ്പോള്‍ സാമുഹിക സുരക്ഷാ പെന്‍ഷന്‍പോലും രണ്ട് മാസം വൈകിയാണ് കൊടുക്കുന്നത്. ഇതിനേക്കാള്‍ ഭേദം ട്രഷറി പൂട്ടുന്നതാണെന്നും സതീശന് പരിഹസിച്ചു.
ജനങ്ങളെ ദ്രോഹിക്കുന്ന ഇതേദിവസം തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷപരിപാടിക്ക് തുടക്കം കുറിക്കുന്നത് എന്നത് ഏറ്റവും വലിയ വിരോധാഭാസമാണെന്നും സതീശന് ചൂണ്ടിക്കാട്ടി. യുഡിഎഫ് ഒരു തരത്തിലും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി സഹകരിക്കില്ല.
ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് ജനങ്ങളെ എത്തിച്ചിട്ട് സര്‍ക്കാര്‍ ആഘോഷിക്കുകയാണ്.ഇതില്‍ പ്രതിഷേധിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രതിപക്ഷത്തെ ചോദ്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും സതീശന് പറഞ്ഞു.