തലശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പിടിയിൽ
Thursday, November 24, 2022 3:13 PM IST
കണ്ണൂർ: തലശേരിയിൽ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. പാറായി ബാബുവാണ് അറസ്റ്റിലായത്. ഇരിട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കേസിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തലശേരി സ്വദേശികളായ ജാക്സണ്, ഫര്ഹാന്, നവീന് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ച് അംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ (40) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂർ സാറാസ് വീട്ടിൽ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിവില്പന ചോദ്യംചെയ്ത ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേന എത്തിയ ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.
ലഹരി വിൽപ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കവുമാണ് സംഘർഷത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ പോലീസിന് മൊഴി നൽകിയിരുന്നു.