നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് കാറിടിച്ചുകയറി; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
Sunday, September 8, 2024 9:45 AM IST
ചെന്നൈ: രാമനാഥപുരം ജില്ലയിലെ ഉച്ചിപ്പുള്ളിയിൽ കാറും സര്‍ക്കാര്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. കാറില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.
ഒരു ജ്വല്ലറി ഉടമയും രണ്ട് പെണ്മക്കളുമടക്കമുള്ളവരാണ് മരിച്ചത്. ജ്വല്ലറി ഉടമയുടെ ഭാര്യയും കാര്‍ ഡ്രൈവറും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
അമിത വേഗത്തിലെത്തിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛര്ദിക്കാന് വേണ്ടി ബസ് നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വന്ന കാര്‍ ബസിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.