29 വര്‍ഷമായി ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി
Thursday, September 21, 2023 4:06 PM IST
ന്യൂഡല്‍ഹി: 29 വര്‍ഷമായി ജയിലില്‍ കഴിയുന്ന അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
കേസില്‍ ജോസഫിന് ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീര്‍ഘനാള്‍ ജയിലില്‍ പാര്‍പ്പിക്കുന്നത് ക്രൂരതയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജയില്‍വാസത്തിലൂടെ സ്വഭാവത്തില്‍ മാറ്റമുണ്ടായ സാഹചര്യത്തില്‍ ഇയാൾ ജയിലില്‍ തുടരുന്നത് ശരിയായ നടപടിയല്ലെന്നും കോടതി വ്യക്തമാക്കി.
1994-ലാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ വച്ച് ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം റെയില്‍പാളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണ് കേസ്. ജോസഫിനെതിരായ ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു.
ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോസഫ് നല്കിയ ഹർജി സുപ്രീംകോടതി ആദ്യം തള്ളിയിരുന്നു. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നു കാണിച്ച് ആര്‍ട്ടിക്കിള്‍ 32 പ്രകാരം നല്കിയ ഹര്‍ജിയിലാണ് കോടതി ഇന്നു വിധി പറഞ്ഞത്.