ഹോട്ടലുടമയുടെ കൊലപാതകം: സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി
Tuesday, May 30, 2023 4:12 PM IST
പാലക്കാട്: ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ അട്ടപ്പാടി ചുരത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്‍പതാം വളവിന് സമീപത്തുനിന്ന് സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെത്തി.
മൃതദേഹം എങ്ങനെയാണ് വലിച്ചെറിഞ്ഞതെന്ന് പ്രതികൾ പോലീസിനോട് വിശദീകരിച്ചു. ആദ്യം അട്ടപ്പാടിയിലെ പത്താം വളവില്‍ മൃതദേഹം ഉപേക്ഷിക്കാനാണ് പ്രതികള്‍ ആലോചിച്ചത്. എന്നാല്‍ പിന്നീട് ഒന്‍പതാം വളവിലെ ഭവാനിപുഴയോട് ചേര്‍ന്നുളള പാറക്കെട്ടുകള്‍ക്കിടയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം ഒലിച്ചുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവിടെ ഉപേക്ഷിച്ചതെന്നാണ് സൂചന. ഈ മാസം 18നാണ് ഹോട്ടലുടമയെ വെട്ടിനുറുക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയത്. ഹണി ട്രാപ്പിനിടെയായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചിരുന്നു.
ചളവറ കൊറ്റോടി വീട്ടില്‍ ഫര്‍ഹാന (19) വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷിബിലി (22), ചളവറ സ്വദേശി ആഷിഖ് (23) എന്നിവരാണ് കേസിലെ പ്രതികള്‍.