അഭിഭാഷക വിക്ടോറിയ ഗൗരിയുടെ നിയമനം: ഹർജി ഇന്നു പരിഗണിക്കും
Tuesday, February 7, 2023 7:11 AM IST
ന്യൂഡൽഹി: എൽ. വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയോഗിച്ച കൊളീജിയം നിയമനത്തിന് എതിരേയുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരി പത്തിന് വാദം കേൾക്കാൻ നിശ്ചയിച്ചിരുന്ന കേസ് തിങ്കളാഴ്ച രണ്ടാമതും ലിസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇന്നത്തേക്കു മാറ്റിയത്.
എൽ. വിക്ടോറിയ ഗൗരിയുടെ കൊളീജിയം ശിപാർശയ്ക്കു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ശ്രദ്ധയിൽ പെട്ടതായും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനു മുന്പാകെ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച എൽ. വിക്ടോറിയ ഗൗരിയുടെ ബിജെപി ബന്ധം പുറത്തായതാണ് വിവാദങ്ങൾക്കു കാരണം. മുസ്ലിം, ക്രൈസ്തവ വിഭാഗക്കാർക്കെതിരേ വിക്ടോറിയ ഗൗരി വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതി അഭിഭാഷകർ കൊളീജിയം നിയമനത്തിനെതിരേ ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു.
അലാഹാബാദ്, കർണാടക, മദ്രാസ് ഹൈക്കോടതികളിലായി എൽ. ഗൗരി ഉൾപ്പെടെയുള്ള 11 അഭിഭാഷകരുടെ നിയമനമാണ് കേന്ദ്ര നിയമമന്ത്രി കിരണ് റിജിജു തിങ്കളാഴ്ച പ്രഖ്യാപിച്ചത്. കൊളീജിയം നിയമനങ്ങളിലെ സർക്കാരിന്റെ ഇടപെടൽ ചർച്ചാവിഷയമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം.