എഫ്ബിഐയിലെ സോവിയറ്റ് ചാരൻ ജയിലിൽ വച്ച് മരണപ്പെട്ടു
Tuesday, June 6, 2023 11:35 AM IST
വാഷിംഗ്ടൺ ഡിസി: ശീതയുദ്ധത്തിന് ശേഷമുള്ള കാലഘട്ടത്തിൽ സോവിയറ്റ് യൂണിയന് വേണ്ടി എഫ്ബിഐ രഹസ്യങ്ങൾ ചോർത്തിയ "ഡബിൾ ഏജന്റ്' റോബർട്ട് ഹാൻസെൻ(79) യുഎസ് ജയിലിൽ വച്ച് മരണപ്പെട്ടു.
കൊളറാഡോയിലെ ഫ്ലോറൻസ് ജയിലിലെ സെല്ലിൽ ഹാൻസെനെ മരിച്ച നിലയിൽ കണ്ടെത്തിയതായി യുഎസ് അധികൃതർ അറിയിച്ചു.
1976 ജനുവരിയിൽ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയിൽ ചേർന്ന ഹാൻസെൻ വർഷങ്ങളോളം റഷ്യക്ക് വേണ്ടി അമേരിക്കൻ രഹസ്യങ്ങൾ ചോർത്തിയിരുന്നു. റമോൺ ഗാർഷ്യ എന്ന പേരുപയോഗിച്ച് അമേരിക്കൻ നയതന്ത്ര രഹസ്യങ്ങളും ചാരപദ്ധതികളും അന്വേഷണ രേഖകളും ഹാൻസെൻ റഷ്യക്ക് കൈമാറിയിരുന്നു. ഇതിന് പ്രതിഫലമായി ഇയാൾക്ക് 1.4 മില്യൺ ഡോളർ മൂല്യമുള്ള ഡയമണ്ടുകളും പണവും റഷ്യ നൽകി.
1994-ൽ ആൽഡ്രിച്ച് ആമസ് എന്ന ചാരനെ അറസ്റ്റ് ചെയ്ത വേളയിലാണ് തങ്ങളുടെ ഓഫീസിൽ നിന്ന് രേഖകൾ ചോർന്നതായി എഫ്ബിഐ മനസിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാൻസെനെ പിടികൂടുകയായിരുന്നു.
പുതിയ ദൗത്യം നൽകാനെന്ന വ്യാജേന എഫ്ബിഐ ഹെഡ്ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയാണ് ഹാൻസെനെ കൈയോടെ പിടികൂടിയത്. ഹാൻസെന് അനുവദിച്ച ഓഫീസിൽ എഫ്ബിഐ ഒളികാമറകളും മൈക്കുകളും സ്ഥാപിച്ചാണ് ഡബിൾ ക്രോസിന്റെ(ഇരട്ട ചാരപ്രവൃത്തി) പിടികൂടിയത്.
സർവീസിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന വേളയിലാണ് ഹാൻസെൻ അറസ്റ്റിലായത്. 2001 മുതൽ ഇയാൾ തടവിൽ കഴിയുകയായിരുന്നു.