വമ്പൻ ഓഫറുമായി സൗദി ക്ലബ്; ബെൻസിമ റയൽ വിട്ടേക്കും
Thursday, June 1, 2023 11:29 AM IST
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമ സൗദി അറേബ്യൻ ക്ലബിലേക്ക്..! റയൽ മാഡ്രിഡ് താരമായ ബെൻസിമയെ തേടി വൻ ഓഫറാണ് വന്നിരിക്കുന്നത്. താരത്തിനായി സൗദി പ്രൊ ലീഗ് ക്ലബ് അൽ ഇത്തിഹാദ് 43 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3629 കോടി രൂപ) ഓഫർ മുന്നോട്ടു വച്ചതായാണ് റിപ്പോർട്ട്.
അടുത്ത മാസത്തോടെ ബെൻസിമ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കും. പുതിയ കരാർ ഒപ്പിട്ടാൽ സൗദിയുടെ 2030 ലോകകപ്പ് ബിഡിന്റെ അംബാസിഡറുമാകും ബെൻസിമ. സൗദിയിൽ നിന്നുള്ള കരാർ സ്വീകരിക്കാൻ ബെൻസിമയ്ക്ക് താത്പര്യമുണ്ടെന്നാണ് താരത്തിന്റെ ഏജന്റ് റയൽ മാഡ്രിഡിനെ അറിയിച്ചത്.
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസ്ർ ക്ലബ്ബിന്റെ എതിരാളികളാണ് അൽ ഇത്തിഹാദ്. ബെൻസിമ കൂടി എത്തിയാൽ അത് സൗദി ഫുട്ബോളിന് കരുത്താകും. മെസി ടീമിലെത്തിക്കാൻ അൽ ഹിലാലും ശ്രമിക്കുന്നുണ്ട്.