രാജ്യത്തെ 100 കോളജിൽ കേരളത്തിലെ10 എണ്ണം; ചരിത്രനേട്ടമെന്ന് മന്ത്രി ബിന്ദു
Tuesday, June 6, 2023 8:05 PM IST
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ 100 റാങ്കിൽ സംസ്ഥാനത്തെ 14 കോളജുകൾ ഇടം പിടിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ നൽകുന്ന പിന്തുണയുടേയും ആസൂത്രണങ്ങളുടേയും ഫലമായിട്ടാണെന്ന് മന്ത്രി ആർ. ബിന്ദു. പിആർ ചേംബറിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എൻഐആർഎഫ് റാങ്കിംഗിൽ രാജ്യത്തെ 200 മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിലെ 42 കോളജുകൾ ഇടംനേടി. കേരള സർവകലാശാല രാജ്യത്ത് 24 ഉം എംജി സർവകലാശാല 31 ഉം കുസാറ്റ് 37 ഉം റാങ്കുപട്ടികയിൽ ഇടം നേടി. നേട്ടങ്ങൾക്കായി പ്രവർത്തിച്ച സർവകലാശാലാ സാരഥികളും അക്കാദമിക് സമൂഹവും അഭിനന്ദനം അർഹിക്കുന്നതായി മന്ത്രി പറഞ്ഞു.
ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിംഗിലെ റിസർച്ച് പാർക്ക് മാതൃകയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്ന് സ്ഥാപനങ്ങൾ തുടങ്ങും. വിദ്യാർഥികളുടെ അന്തർ സർവകലാശാലാ മാറ്റത്തിനായി ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെൽ രൂപീകരിക്കും. ഗവേഷക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി സർവകലാശാല ചട്ടങ്ങളും റഗുലേഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ടുമാസത്തിനകം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.