ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാൻമാർക്കു നേരെ സഹപ്രവർത്തകൻ നിറയൊഴിച്ചു; രണ്ട് മരണം
Saturday, November 26, 2022 11:20 PM IST
പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് ജവാൻമാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുണ്ടായിരുന്ന പാരാമിലിറ്ററി ജവാൻമാർക്കിടയിലാണ് സംഘർഷമുണ്ടായത്. എകെ 56 തോക്കിൽനിന്നാണ് വെടിവച്ചത്.
മണിപ്പൂരിൽ നിന്നുള്ള ഇന്ത്യാ റിസർവ് ബറ്റാലിയന്റെ (ഐആർബി) ഭാഗമായിരുന്ന ഇവർ കേന്ദ്ര സായുധ പോലീസ് സേനയ്ക്ക് (സിഎപിഎഫ്) പുറമെ ഗുജറാത്തിൽ നിയോഗിക്കപ്പെട്ടവരാണെന്നും പോർബന്തർ കളക്ടർ എ.എം. ശർമ പറഞ്ഞു. പരിക്കേറ്റ രണ്ട് ജവാന്മാരെ ജാംനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം അറിവായിട്ടില്ല. ഒരു ജവാൻ തന്റെ തോക്കിൽ നിന്ന് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് ജവാൻമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.