ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; വ്യവസായിയിൽ നിന്നും കോടികൾ തട്ടിയയാൾ അറസ്റ്റിൽ
Thursday, February 29, 2024 4:52 AM IST
മുംബൈ: ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടത്തി 73കാരനായ വ്യവസായിയിൽ നിന്നും 3.61 കോടി രൂപ തട്ടിയെടുത്ത ഗാർമെന്റ് യൂണിറ്റ് ഉടമ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് സൈബർ പോലീസ് ഇതുവരെ 2.20 കോടി രൂപയും 330 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
കഴിഞ്ഞ വർഷം മെയ് 20 നും ഒക്ടോബർ ഏഴിനും ഇടയിൽ രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേർ ബന്ധപ്പെട്ടതിനെത്തുടർന്നാണ് വ്യവസായി പണം നിക്ഷേപിച്ചത്. ഇയാളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് വ്യവസായി 3.61 കോടി രൂപ നിക്ഷേപിച്ചു. എന്നാൽ പണം നൽകി ഏറെ കഴിഞ്ഞിട്ടും വരുമാനം ലഭിക്കാത്തതിനെ തുടർന്നാണ് ഇയാൾ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) വെസ്റ്റ് റീജിയൻ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗാർമെന്റ് യൂണിറ്റ് ഉടമ കേതാബ് അലി കബിൽ ബിശ്വാസിന്റെ പേര് പുറത്തുവന്നത്. തുടർന്ന് വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി തിങ്കളാഴ്ച ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.