ക്ലാസ് മുറികള്‍ മോര്‍ച്ചറിയാക്കിയ സ്കൂള്‍ പൊളിച്ചു; പുതുക്കി പണിയും
Friday, June 9, 2023 7:19 PM IST
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിച്ച സ്കൂള്‍ പൊളിച്ചു. ബാലസോറിലെ സര്‍ക്കാര്‍ നടത്തുന്ന ബഹനാഗ ഹൈസ്കൂളാണ് പൊളിച്ചത്.
മോര്‍ച്ചറിയായി മാറ്റിയ കെട്ടിടത്തിലെ ക്ലാസുകളില്‍ ഇരിക്കാന്‍ ഭയമൂലം കുട്ടികള്‍ തയാറായിരുന്നില്ല. സ്കൂളില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചതിനാല്‍ അവിടേക്കെത്തില്ലെന്ന് നിരവധി വിദ്യാര്‍ഥികളും അധ്യാപകരും അധികൃതരെ അറിയിച്ചിരുന്നു.
അപകടസ്ഥലത്തിന്റെ 500 മീറ്റര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 65 വര്‍ഷം പഴക്കമുള്ള സ്കൂള്‍ കെട്ടിടത്തിലേക്കാണ് അപകടത്തിന് തൊട്ടുപിന്നാലെ മൃതദേഹങ്ങള്‍ എത്തിച്ചത്.
സ്കൂളിലെ ആറ് ക്ലാസ് മുറികളിലും ഹാളിലുമായാണ് 250ല്‍പരം മൃതദേഹങ്ങള്‍ കിടത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കെട്ടിടം മുഴുവന്‍ അണുവിമുക്തമാക്കുകയും ചെയ്തു.
എന്നാല്‍ പ്രേതബാധയടക്കം ഭയന്നാണ് പലരും സ്കൂളിലേക്ക് എത്താത്തത്. ഇവിടേക്ക് കുട്ടികളെ വിടാന്‍ മാതാപിതാക്കളും തയാറാകാഞ്ഞതോടെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചുകളയണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സ്കൂള്‍ മാനേജ്മെന്റ് അഭ്യര്‍ഥിക്കുകയായിരുന്നു.
സ്കൂളിലെത്താൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രചോദിപ്പിക്കുന്നതിനായി ബുധനാഴ്ച ബാലസോർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിഷ്ണു ചരൺ സുതാർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടേയും പൂർവ വിദ്യാർഥികളുടേയും യോഗം നടത്തിയിരുന്നു.
വ്യാഴാഴ്ച ബാലസോർ കളക്ടറും സ്കൂൾ സന്ദർശിച്ചു. ഈ മാസം 16നാണ് വേനലവധിക്ക് ശേഷം സ്കൂള്‍ തുറക്കുക.
ഈ മാസം രണ്ടിനാണ് ഒഡീഷയിൽ ട്രെയിന്‍ അപകടമുണ്ടായത്. ദുരന്തത്തില്‍ 288 പേര് മരിച്ചിരുന്നു. 1,100 ൽ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാലസോര്‍ ജില്ലയിലെ ബഹാനാഗ ബസാര്‍ സ്റ്റേഷനില്‍ ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും ഷാലിമര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്സ്പ്രസും ചരക്ക് തീവണ്ടിയുമായിരുന്നു അപകടത്തില്‍പ്പെട്ടത്.