വന്യജീവി ആക്രമണം: അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
Monday, February 12, 2024 11:28 AM IST
തിരുവനന്തപുരം: തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ കാട്ടാന ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെടെ വനംവകുപ്പിനും വനംമന്ത്രിക്കും വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടി.സിദ്ദിഖ് എംഎൽഎ അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.
എന്നാല്‍ വിഷയം സഭയിൽ ചര്‍ച്ച ചെയ്യുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന് മറുപടി പറഞ്ഞു. വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന വന്നത് കര്‍ണാടകയില്‍നിന്നാണ്. ആനയെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകിയാണ് അവര്‍ കൈമാറിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും മനുഷ്യരാണ്. അവരുടെ മനോവീര്യം കെടുത്തുന്ന നടപടികള്‍ ഉണ്ടായി. ഇക്കാര്യത്തില്‍ പ്രതിപക്ഷം അല്പം കൂടി ക്ഷമ കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം വയനാട്ടില്‍ ആന കര്‍ഷകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വിമര്‍ശിച്ചു. ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സര്‍ക്കാരാണ് പ്രതിയെന്നും സതീശന് കുറ്റപ്പെടുത്തി.
പിന്നാലെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.