ന്യൂയോർക്കിൽ സ്കൂൾ ബസിന്റെ ടയർപൊട്ടി അപകടം; രണ്ടു പേർ മരിച്ചു
Friday, September 22, 2023 5:23 AM IST
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബസിന്റെ മുൻവശത്തെ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ലോംഗ് ഐലൻഡിൽ നിന്ന് വിദ്യാർഥികളെ ഒരു സംഗീത ക്യാമ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വാവായണ്ട നഗരത്തിന് സമീപമുള്ള 50 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
ജിന പെല്ലറ്റിയർ (43), ബിയാട്രിസ് ഫെരാരി (77) എന്നിവരാണ് മരിച്ചത്. 44 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.