സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധം, അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല: മാത്യു കുഴല്നാടന്
Monday, February 12, 2024 3:59 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ ഉന്നയിക്കാന്‍ അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. താന്‍ പറയുന്ന കാര്യങ്ങള്‍ ആധികാരികമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് വിഷയം സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നേരത്തേ നോട്ടീസ് നല്കിയിട്ടാണ് ആരോപണം ഉന്നയിക്കാന്‍ തുനിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നേരത്തേ സ്പീക്കറുടെ ഓഫീസില്‍ സമര്‍പ്പിച്ചതാണ്. എന്നിട്ടും തനിക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
എക്സാലോജിക് വിഷയത്തില്‍ നേരത്തേ പ്രതിപക്ഷം സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നപ്പോഴും സ്പീക്കര്‍ വിഷയത്തില്‍ ഇടപെട്ടു. മുഴുവന്‍ ആധികാരിക രേഖകളോടും കൂടെ മാസപ്പടി വിഷയം പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരും. തങ്ങളുടെ വായ മൂടിക്കെട്ടാമെന്ന് സര്‍ക്കാരോ മുഖ്യമന്ത്രിയെ വിചാരിക്കുന്നുണ്ടെങ്കില് അവര്‍ക്ക് തെറ്റിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരടിസ്ഥാനവും ഇല്ലാതെയാണ് 150 കോടി രൂപയുടെ ആരോപണം പ്രതിപക്ഷ നേതാവിനെതിരേ പി.വി.അന്‍വര്‍ സഭയില്‍ ഉന്നയിച്ചത്. അന്‍വറില്‍നിന്ന് എന്ത് രേഖ വാങ്ങിയിട്ടാണ് സഭയില്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ അനുവദിച്ചതെന്നും അദ്ദേഹം ചോദിച്ചു.