കരിമണല്‍ കമ്പനിയില്‍നിന്ന് പിണറായി നൂറ് കോടി കൈപ്പറ്റി, മാസപ്പടിയിലെ യഥാര്‍ഥ പ്രതി മുഖ്യമന്ത്രി: മാത്യു കുഴല്നാടന്
Monday, February 26, 2024 1:04 PM IST
തിരുവനന്തപുരം: മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൂടുതല്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. കരിമണല്‍ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ കമ്പനിക്കായും അവര്‍ പ്രമോട്ട് ചെയ്യുന്ന കെആര്‍എംഇഎല്‍ കമ്പനിക്കായും മുഖ്യമന്ത്രി നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
മാസപ്പടി കേസിലെ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണ്. സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് നൂറ് കോടിയോളം രൂപ പിണറായി കൈപ്പറ്റിയെന്നും കുഴല്നാടന് ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതെന്നും കുഴല്നാടന് ചോദിച്ചു.
ഭൂപരിധി ചട്ടത്തില്‍ ഇളവ് തേടിയ കമ്പനിക്കായി റവന്യുവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടല്‍ നടത്തിയെന്നാണ് ആരോപണം. ആലപ്പുഴ ജില്ലയില്‍ കെആര്‍ഇഎംഎല്‍ കമ്പനി 60 ഏക്കര്‍ 20 വര്‍ഷമായി കൈവശംവച്ചിരിക്കുകയാണ്.
ഭൂപരിഷ്ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. ഭൂമിക്ക് ഇളവു നല്കാന് ജില്ലാ സമിതി ശുപാര്‍ശ ചെയ്യാത്തതിനാല്‍ 2021ല്‍ റവന്യൂവകുപ്പ് കമ്പനിയുടെ അപേക്ഷ തള്ളി. രണ്ടു തവണകൂടി കമ്പനി തീരുമാനം പുനഃപരിശോധിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഇതും തള്ളി.
പിന്നീട് കമ്പനി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇതോടെ ആലപ്പുഴ ജില്ലയിലെ ഭൂമിയില്‍ കെആര്‍ഇഎംഎല്‍ കമ്പനിക്ക് പദ്ധതി തുടങ്ങാനായി മുഖ്യമന്ത്രി ഇടപെടല്‍ നടത്തി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നല്കാന് യോഗം വിളിച്ചു.
നിയമങ്ങളില്‍ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വച്ചു. മുഖ്യമന്ത്രി ഇടപെട്ടതോടെ കമ്പനി വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നല്കിയപ്പോള് 2022ല്‍ ഇതിന് അനുമതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.