പോലീസ് സ്റ്റേഷൻ ആക്രമണം; മണിപ്പുരിൽ കർഫ്യു തുടരുന്നു
Friday, September 22, 2023 11:19 AM IST
ഇംഫാൽ: സൈനികവേഷത്തിന് സമാനമായ വസ്ത്രം ധരിച്ച് ആയുധങ്ങളുമായി റോന്ത് ചുറ്റിയെന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ജനങ്ങൾ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെ മണിപ്പുരിൽ കർഫ്യു ശക്തമാക്കി.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ വ്യാഴാഴ്ച വൈകിട്ടാണ് കർഫ്യു പ്രഖ്യാപിച്ചത്.
പോരാംപാത്, ഹെംഗ്യെഗ്, സിംഗ്ജാമെയ് പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിലാണ് പ്രതിഷേധവുമായി ജനക്കൂട്ടം എത്തിയത്. യുവാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘം സ്റ്റേഷനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ പോലീസ് ഇവരെ തടഞ്ഞു.
സംഘർഷം ആരംഭിച്ചതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസും ദ്രുതകർമ സേനയും കണ്ണീർവാതകം ഉൾപ്പെടെയുള്ളവ പ്രയോഗിച്ചിരുന്നു.
തൗബൽ, കാക്ചിംഗ്, ബിഷ്ണുപുർ ജില്ലകളിലും പോലീസ് നേരത്തെ ഭാഗിക കർഫ്യു ഏർപ്പെടുത്തിയിരുന്നു.