മണിപ്പൂരിൽ കലാപകാരികൾ 140 തോക്കുകൾ അടിയറവുവച്ചു
Friday, June 2, 2023 6:44 PM IST
ഇംഫാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിനു പിന്നാലെ മണിപ്പൂരിൽ കലാപകാരികൾ 140 തോക്കുകൾ പോലീസിൽ സറണ്ടർ ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽനിന്ന് കലാപകാരികൾ കവർന്നെടുത്ത ആയുധം തിരികെവച്ചു കീഴടങ്ങിയില്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അമിത് ഷാ മുന്നറിയിപ്പു നൽകിയിരുന്നു.
കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആയുധശാലകളിൽ നിന്ന് ധാരാളം ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടിരുന്നു. എകെ 47, ലൈറ്റ് മിഷിൻ ഗൺ, എസ്എൽആർ റൈഫിൾ തുടങ്ങിയ ആയുധങ്ങളാണ് കലാപകാരികൾ അടിയറവുവച്ചത്.
ഉടന്പടി പ്രകാരം പ്രവർത്തനം നിർത്തിവച്ച സായുധ സംഘങ്ങളെ ലക്ഷ്യംവച്ചാണ് അമിത് ഷായുടെ മുന്നറിയിപ്പ്. യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട്, കുക്കി നാഷണൽ ഓർഗനൈസേഷൻ എന്നിവയാണ് 2008ലെ കരാർ അനുസരിച്ച് സജീവ് പ്രവർത്തനം മരവിപ്പിച്ചിരിക്കുന്നത്.