മംഗളൂരൂ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസിന് ഭീകരസംഘടനയുടെ കത്ത്
Thursday, November 24, 2022 4:02 PM IST
മംഗളൂരൂ: ഓട്ടോയില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കര്‍ണാടക പോലീസിന് ഭീകരസംഘടനയുടെ കത്ത്. കാദ്രിയിലെ മഞ്ജുനാഥ് ക്ഷേത്രത്തില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടതെന്ന് കത്തില്‍ പറയുന്നു.
ഇസ്ലാമിക് റെസിസ്റ്റൻസ് കൗണ്‍സില്‍ എന്ന സംഘടനയുടെ പേരില്‍ ലഭിച്ച കത്തിന്റെ ആധികാരികത പോലീസ് പരിശോധിച്ച് വരികയാണ്. ഈ സംഘടനയേക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ മുഹമ്മദ് ഷാരിഖ് എന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് സ്ഫോടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് മംഗളൂരു കങ്കനാടി ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനം നടന്നത്. ഷാരിഖ് കൈയില്‍ കരുതിയിരുന്ന സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിതെറിക്കുകയായിരുന്നു.
മംഗളൂരൂവിലെ നാഗൂരി ബസ് സ്റ്റാന്‍ഡില്‍ വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.