"മണിമുത്തുകൾ' വീണ്ടും; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച് എം.എം. മണി
Friday, September 29, 2023 7:41 PM IST
തൊടുപുഴ: മൂന്നാർ ദൗത്യസംഘത്തെ വെല്ലുവിളിച്ചതിന് പിന്നാലെ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ "നാടൻ ഭാഷ' പ്രയോഗിച്ച് സിപിഎം നേതാവ് എം.എം. മണി.
എംവിഡി ഉദ്യോഗസ്ഥർ അന്യായമായി ജനങ്ങളെ പിഴിഞ്ഞ് പിഴ ഈടാക്കുന്നതിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവേയാണ് മണി അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്.
മര്യാദകേട് കാണിച്ചാൽ ഏതവനായാലും എതിർക്കുമെന്ന് പറഞ്ഞ മണി, ഔദ്യോഗിക കൃത്യനിർവഹണത്തനിടെ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കുമെന്ന് പറഞ്ഞു. പിന്നെ നിയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസെടുക്കുക; എന്നിട്ട് പിണറായി വിജയന്റെ പേര് പറയുക. സർക്കാരിന് മുതലുണ്ടാക്കാനാണെന്ന് പറയുക. സർക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോയെന്ന് മണി ചോദിച്ചു.
നിന്റെയൊക്കെ അമ്മയെയും പെങ്ങന്മാരെയും കൂട്ടിക്കൊടുക്കാൻ പറഞ്ഞോയെന്നും മണി ചോദിച്ചു. സർക്കാരിന് ന്യായമായ നികുതി കൊടുക്കണമെങ്കിലും അത് പിരിക്കാൻ സംവിധാനങ്ങൾ ഉണ്ടെന്നും മണി കൂട്ടിച്ചേർത്തു.