മൊയ്തീന്റെ പേര് പറയാൻ മർദനം; ഇഡി ബലപ്രയോഗം നടത്തുന്നു: എം.വി. ഗോവിന്ദൻ
Friday, September 22, 2023 3:05 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കള്ളപ്രചാരവേല നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളപ്രചാരണം നടക്കുന്നുണ്ടെന്നും സഹകരണമേഖലയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന ഇതിന്റെ ഭാഗമാണെന്നും എം.വി. ഗോവിന്ദന് കുറ്റപ്പെടുത്തി.
സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. സഹകരണ മേഖലയെ ഒതുക്കാന്‍ കേന്ദ്ര ആഭ്യമന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ടെന്നും എം.വി. ഗോവിന്ദന് കുറ്റപ്പെടുത്തി.
കരുവന്നൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തിയതാണ്. ഈ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ എ.സി. മൊയ്തീന്റെ വീട് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. യാതൊരു തെളിവും ഇല്ലാതെയാണ് നടപടികള്‍. തെളിവ് ഉണ്ടാക്കുന്നതിന് വേണ്ടി പിന്നീട് അവര്‍ ചിലയാളുകളെ ചോദ്യം ചെയ്യാന്‍ പുറപ്പെട്ടു.
അതിന്റെ ഭാഗമായി എ.സി. മൊയ്തീന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചു. എ.സി. മൊയ്തീന് ചാക്കില്‍ കെട്ടി പണവുമായി പോകുന്നത് കണ്ടു എന്ന് പറയണം എന്നാണ് ആജ്ഞാപിക്കുന്നത്. ഇല്ലെങ്കില്‍ പുറംലോകം കാണില്ലെന്നാണ് ഭീഷണിപ്പെടുത്തിയത്. എ.സി. മൊയ്തീന്റെ പേര് പറയാന്‍ കൗണ്‍സിലര്‍മാരെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയാണ്.
ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മകളുടെ കല്യാണം നടക്കില്ലെന്ന് പറഞ്ഞ് അരവിന്ദാക്ഷന ഭീഷണിപ്പെടുത്തി. ഇഡി ബലപ്രയോഗം നടത്തുകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്.
ഇഡിക്ക് എന്തും ചെയ്യാനുള്ള അവകാശം ഉണ്ടെന്ന പ്രചരണമാണ് അവര്‍ നടത്തുന്നത്. ഇത് ഇടതുപക്ഷത്തിനും സഹകരണപ്രസ്ഥാനത്തിനും എതിരായ ശക്തമായ കടന്നാക്രമണമാണ്. ഇതിനെ ശക്തമായി എതിര്‍ത്ത് മുന്നോട്ട് പോകേണ്ടതുണ്ട്.
കേരളത്തിലെ യുഡിഎഫില്‍ വലിയ രീതിയിലുള്ള തര്‍ക്കമാണ് രൂപപ്പെട്ടുവരുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ "കാലം സാക്ഷി' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി, കേരളത്തിലെ മുന്‍ പ്രതിപക്ഷ നേതാവ് ശക്തമായ അമര്‍ഷ പ്രഖ്യാപനമാണ് ഇന്‍സ്റ്റഗ്രാമിലൂടെ രേഖപ്പെടുത്തിയത്.
പിന്നീടത് പിന്‍വലിച്ചു. ഭൂരിപക്ഷം എംഎല്‍എമാരുടേയും പിന്തുണ ഉണ്ടായിട്ടും ചെന്നിത്തലയെ പദവിയിലേക്ക് നിശ്ചയിച്ചില്ലായെന്ന വേദനാപരമായ കാര്യമാണ് ചെന്നിത്തല രേഖപ്പെടുത്തിയത്. ഹൈക്കമാന്‍ഡ് ഇടപെടല്‍ വന്നപ്പോള്‍ വി.ഡി. സതീശന് അനുകൂലമായി വന്നുവെന്നാണ് ആത്മകഥയില്‍ പറയുന്നത്.
തഴയുകയാണെന്നും മത്സരിക്കാനില്ലെന്നും കെ. മുരളീധരന് പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മൈക്കിന് വേണ്ടി പിടിവലി നടത്തുകയാണ്. ഇതൊക്കെ ജനങ്ങളുടെ വിലയിരുത്തലിന് വിധേയപ്പെടും.
പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയണം. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കാതെ സംസ്ഥാനസര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുകയാണ്. കെഫോണ്‍, എഐ കാമറകള്‍ യാഥാര്‍ത്ഥ്യമായത് നേട്ടമാണ്. ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള യുദ്ധമാണ്. ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. 518 കോടി ദേവസ്വം ബോര്‍ഡിന് നല്കി.
കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഈ സര്‍ക്കാരിന്റെ പദ്ധതികളും പൂര്‍ത്തിയാക്കും. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.