സർക്കാർ ആരെയും സംരക്ഷിക്കില്ല, എല്ലാ ആരോപണങ്ങളും അന്വേഷിക്കും: എം.വി.ഗോവിന്ദൻ
Thursday, September 12, 2024 1:15 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെല്ലാം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു.
പരാതികളിൽ സർക്കാർ നയപരമായ തീരുമാനമാണ് എടുത്തത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന് നിർദേശം നൽകിയിട്ടുള്ളത്. ആരേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല.
എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിന് പിന്നിലെന്ത് എന്നതാണ് അന്വേഷിക്കേണ്ടത്. കൂടിക്കാഴ്ച നടത്തിയതല്ല അന്വേഷിക്കേണ്ടത്. എന്തിന് കണ്ടു എന്നതാണ് പരിശോധിക്കേണ്ടത്. അത് പരിശോധിച്ചുവരികയാണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേ അൻവർ രേഖാമൂലം ഒരു പരാതിയും നൽകിയിട്ടില്ല. എഴുതി നൽകിയ ആരോപണമുണ്ടെങ്കിൽ അന്വേഷിക്കും.
സർക്കാരിന് ഒരു പ്രതിസസന്ധിയും നിലവില്ല. സർക്കാർ പ്രതിസന്ധിയിലാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു.