16 കോടി ഒന്നാം സമ്മാനം; വരുന്നു ക്രിസ്മസ്-ന്യൂ ഇയർ ബംപർ
Thursday, November 24, 2022 7:37 PM IST
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബംപർ വരുന്നു. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 10 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്കാണ്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ എണ്ണവും ഇത്തവണ ഉയർത്തിയിട്ടുണ്ട്. 3,88,840 സമ്മാനങ്ങളാണ് ഉള്ളത്. 400 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 ജനുവരി 19ന് നടക്കും.
10 പരമ്പരകളിലായാണ് ക്രിസ്മസ് ബംപർ ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകൾ ആയിരുന്നു. ടിക്കറ്റുകളുടെ പ്രിന്റിംഗ് പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ തന്നെ വിപണിയിൽ എത്തുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.
തിരുവോണം ബംപർ വിൽപ്പന വൻ വിജയമായതിന് പിന്നാലെയാണ് ക്രിസ്മസ് ബംപറിന്റെ സമ്മാനത്തുകയും ഉയർത്തിയത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയായിരുന്നു തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം.