കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ഒരാൾ അറസ്റ്റിൽ
Thursday, November 24, 2022 4:53 PM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 80 ലക്ഷത്തിന്റെ സ്വർണവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മസ്ക്കറ്റിൽ നിന്നെത്തിയ ചോമ്പാലയിലെ പി. അജാസിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
മസ്കറ്റിൽനിന്നു ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഇയാൾ. കണ്ണൂരിൽ നിന്നെത്തിയ ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം പൊളിത്തീൻ കവറിലാക്കി ഇരുകാലുകളിലും കെട്ടിയാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ളത് പിടികൂടുമ്പോൾ 1,763 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും 1578 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 80 ലക്ഷം രൂപ വരും.
കഴിഞ്ഞ ദിവസം അബുദാബി, ദുബായി എന്നിവിടങ്ങളിൽ നിന്നെത്തിയ കാസർഗോഡ്, തലശേരി മൂഴിക്കര സ്വദേശികളിൽനിന്നു വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിച്ചതുമായ ഒരു കോടിയോളം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സ്വർണക്കടത്ത് പിടികൂടിയത്.