കാഞ്ഞിരപ്പള്ളിയിൽ ആയിരങ്ങൾ അണിനിരന്ന് ഐക്യദാർഢ്യ റാലി
Friday, June 9, 2023 7:21 PM IST
കാഞ്ഞിരപ്പള്ളി: ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനുമെതിരായ ഗുഢനീക്കങ്ങൾക്കെതിരേ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിയിൽ ജനസാഗരം ഒഴുകിയെത്തി. കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെയും യുവദീപ്തി-എസ്എംവൈഎം എന്നീ യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന റാലിയിൽ ആയിരങ്ങളാണ് അണിചേർന്നത്.
സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നിന്നും ആരംഭിച്ച റാലി കുരിശുങ്കൽ ജംഗ്ഷൻ വഴി പേട്ടക്കവലയിൽ എത്തി അക്കരപ്പള്ളി റോഡിലൂടെ പുതിയ പാലത്തിൽ പ്രവേശിച്ചാണ് സമ്മേളന നഗരയിൽ എത്തിയത്. കഴിഞ്ഞ ദിവസം മരിച്ച അമൽജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിനെ അനുസ്മരിച്ചുള്ള പ്രാർഥനയോടെയാണ് റാലി ആരംഭിച്ചത്.
ക്രൈസ്തവ സമൂഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്കെതിരേയുള്ള വികാരമാണ് റാലിയിൽ ഉയർന്നത്. എല്ലാ വിഭാഗങ്ങൾക്കും ജീവിക്കാനുള്ള സാഹചര്യം സമൂഹത്തിൽ ഒരുങ്ങണമെന്നും സംഘടിത ആക്രമണങ്ങൾ ചെറുക്കപ്പെടണമെന്നും ആവശ്യമുയർന്നു.
ഒരു സമൂഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും അവരെ പിന്തുടര്ന്ന് തകര്‍ക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ രീതിയല്ല. രാജ്യത്തെ നിയമങ്ങളെ മാനിച്ച് ബഹുസ്വരതയെ അംഗീകരിച്ച് ഓരോ പൗരനും ജീവിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഐക്യദാർഢ്യ റാലിയിൽ ഉയർന്നു കേട്ടത്.
സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെയും വിശ്വാസത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവരെയും ആർജവത്തോടെ നേരിടുമെന്ന പ്രതിജ്ഞ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കല്‍ ചൊല്ലിക്കൊടുത്തു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍, യുവദീപതി രൂപതാ പ്രസിഡന്റ് സനു പുതുശേരി എന്നിവര്‍ ചേര്‍ന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ഡെന്നി കൈപ്പനാനി, രാജേഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പതാക കൈമാറി.
ചങ്ങനാശ്ശേരി അതിരൂപത ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡണ്ട് സാം ഓടയ്ക്കല്‍, രൂപതാ പ്രസിഡന്റ് സനു പുന്നയ്ക്കല്‍, പെരുവന്താനം ഫൊറോന വൈസ് പ്രസിഡന്റ് അലോക് ബെന്നി എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.
റാലിയിൽ രൂപതയിലെ എല്ലാ ഇടവകകളെയും പ്രതിനിധീകരിച്ചുള്ള വിശ്വാസികള്‍, വൈദികര്‍, സന്യസ്തര്‍, സംഘടനാ പ്രതിനിധികള്‍, വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുത്തു.
സണ്ണിക്കുട്ടി അഴകമ്പ്രായില്‍, അരുണ്‍ ആക്കാട്ട്, സിനി ജിബു നീറണാകുന്നേല്‍, മനോജ് കല്ലുകളം, ജോസ്മി മണിമല, അലന് കാരക്കാട്ട്, ഫാ.മാത്യു പാലക്കുടി, ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.