കാനം രാജേന്ദ്രന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം നഷ്ടമല്ല: എ.കെ. ആന്റണി
Friday, December 8, 2023 11:12 PM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി.
കാനം രാജേന്ദ്രന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം നഷ്ടമല്ലെന്ന് എ.കെ. ആന്റണി പറഞ്ഞു. നിര്‍ണായക ഘട്ടങ്ങളില്‍ തിരുത്തല്‍ ശക്തിയായി അദ്ദേഹം പൊതുരംഗത്ത് നിന്നിരുന്നു.
സമൂഹത്തിന് കനത്ത നഷ്ടമാണ് കാനത്തിന്റെ വിയോഗം. കാനത്തിന്റെ വിയോഗത്തില്‍ തനിക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും എ.കെ. ആന്റണി പറഞ്ഞു.
അതേസമയം, കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോട്ടയം വാഴൂരിൽ നടക്കും. ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം ശനിയാഴ്ച രാവിലെ ഏഴിന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തിക്കും.
ഉച്ചയ്ക്ക് രണ്ട് വരെ പാർട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്ര പുറപ്പെടും. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വാഴൂരിലെ വസതിയിൽ നടക്കും.
ഇന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.