ആർഷോയെപ്പറ്റിയുള്ള വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്; പ്രതിഷേധവുമായി കെയുഡബ്ല്യുജെ
Saturday, June 10, 2023 10:12 PM IST
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്കെതിരെ കെഎസ്യു നേതാവ് മാധ്യമ റിപ്പോർട്ടിംഗിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത നടപടിയിൽ പ്രതിഷേധമുയർത്തി കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ്(കെയുഡബ്യുജെ).
വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കെയുഡബ്യുജെ വ്യക്തമാക്കി.
കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കെയുഡബ്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പറഞ്ഞു.
ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു.
കെ.വിദ്യയുടെ വ്യാജരേഖാ കേസ് മഹാരാജാസ് കാമ്പസിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആർഷോക്കെതിരെ കെഎസ്യു നേതാക്കൾ ഉന്നയിച്ച ആരോപണം മൂലമാണ് മാധ്യമപ്രവർത്തകയെ ആർഷോ നൽകിയ കേസിലെ അഞ്ചാം പ്രതിയാക്കിയത്.