എം.വി. ഗോവിന്ദന്റെ ബുദ്ധിക്ക് സാരമായ പ്രശ്നമുണ്ടെന്ന് കെ. സുധാകരൻ
സ്വന്തം ലേഖകൻ
Sunday, March 26, 2023 3:24 PM IST
തിരുവനന്തപുരം: സാഹചര്യത്തിന്‍റെ സമ്മർദം കൊണ്ടാണ് സിപിഎം രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. രാഹുലിന് അല്ലെങ്കിൽ പിന്നെ ആർക്കാണ് സിപിഎം പിന്തുണ നൽകിയതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
രാഹുലിനല്ല പിന്തുണ എന്നാണ് പറയുന്നെങ്കിൽ ഗോവിന്ദൻ മാസ്റ്ററുടെ ബുദ്ധിക്ക് എന്തോ പ്രശ്നം ഉണ്ട്. സംസ്ഥാനത്തെ പോലീസുകാർ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കരിനിയമങ്ങൾ ഉപയോഗിക്കുകയാണെന്നും അതിന് ഉത്തരം പറയേണ്ടത് ഇടതുപക്ഷമാണെന്നും സുധാകരൻ പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി അമ്മാനമാടുകയാണ്. ഇതിലും വലിയ പ്രതിസന്ധി കോൺഗ്രസ് തരണം ചെയ്തിട്ടുണ്ട്. ചൂട്ട് കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ട. ജനം പ്രതീക്ഷയോടെ നോക്കുന്ന രക്ഷകനാണ് രാഹുൽ ഗാന്ധിയെന്നും സുധാകരൻ പറഞ്ഞു.