കടുപ്പിച്ച് ഇന്ത്യ; 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ നിര്‍ദേശം
Tuesday, October 3, 2023 10:37 AM IST
ന്യൂഡല്‍ഹി: കാനഡയുമായുള്ള നയതന്ത്ര തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയ്ക്ക് നിര്‍ദേശം നല്കി.
ഈ മാസം പത്തിനകം 40 ഉദ്യോഗസ്ഥരെ കൂടി പിന്‍വലിക്കണമെന്നാണ് നിര്‍ദേശം. കാനഡയിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മൂന്നിരട്ടിയോളം കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുള്ളത്. ഇത് കൂടി കണക്കിലെടുത്താണ് നടപടി.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായത്. ഖലിസ്ഥാന്‍ അനുകൂല സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് നിജ്ജര്‍ കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യയുടെ നിലപാട്.
എന്നാല്‍ സംഭവത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുള്ളതായി തെളിവുകള്‍ ലഭിച്ചെന്ന് കനേഡിയന്‍ പ്രാധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു.
ഇതോടെ കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കുകയായിരുന്നു.