ഷോളയൂരിലെ ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥികളെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചു; ജീവനക്കാര്‍ക്കെതിരെ കേസ്
Tuesday, September 26, 2023 10:30 AM IST
പാലക്കാട്: ഷോളയൂരിലെ ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥികളെ മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് വസ്ത്രം അഴിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ നാല് ജീവനക്കാര്‍ക്കെതിരെയാണ് കേസ്. ഹോസ്റ്റലിലെ ജീവനക്കാരായ കസ്തൂരി, ആതിര, സുജ, കൗസല്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. നാല് ആദിവാസി വിദ്യാര്‍ഥികളെയാണ് മറ്റുള്ളരുടെ മുന്നില്‍ വച്ച് നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചത്. വിദ്യാര്‍ഥികള്‍ പരസ്പരം വസ്ത്രം മാറിയിട്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത.
കുട്ടികള്‍ക്ക് വലിയ മാനസികപ്രയാസമുണ്ടായെന്ന് കാട്ടി രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. അതേസമയം കുട്ടികളെ അപമാനിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.
ഹോസ്റ്റലില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിനാല്‍ പരസ്പരം വസ്ത്രം മാറിയിടരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചുകൊണ്ട് കുട്ടികള്‍ വസ്ത്രം മാറിയിട്ടതുകൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു.