ഗര്ഭഛിദ്രം വേണമെന്ന് അതിജീവിത; മനുസ്മൃതി വായിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി
Thursday, June 8, 2023 10:03 PM IST
അഹമ്മദാബാദ്: ഗര്ഭഛിദ്രം ആവശ്യപ്പെട്ടെത്തിയ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് മനുസ്മൃതി വായിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി. മുൻ കാലങ്ങളിൽ പെൺകുട്ടികൾ 14-15 വയസിൽ ഗർഭിണികളാകുകയും 17 ാം വയസിൽ അമ്മയാകുകയും ചെയ്തിരുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ലൈംഗിക പീഡനത്തെ തുടർന്ന് ഗർഭിണിയായ 17 വയസുകാരിയാണ് ഗര്ഭഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജിയിൽ ജസ്റ്റീസ് സമീർ ജെ. ദവെയാണ് വിവാദ പരാമർശം നടത്തിയത്.
ഏഴു മാസം കഴിഞ്ഞപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പിതാവ് അറിയുന്നത്. ഇതോടെ പിതാവ് ഗർഭഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ അഭിഭാഷകൻ ഗർഭഛിദ്ര ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു ജസ്റ്റീസ് സമീർ ജെ. ദവെ മനുസ്മൃതി വായിക്കാൻ വാക്കാൽ പരാമർശിച്ചത്.
മുൻകാലത്ത്, പെൺകുട്ടികൾ 14-15 വയസിന് മുമ്പ് വിവാഹിതരാകുന്നതും 17 വയസിന് മുമ്പ് കുട്ടിയുണ്ടാകുന്നതും സാധാരണമായിരുന്നു. നിങ്ങൾ ഇത് വായിച്ചിട്ടുണ്ടാവില്ല. പക്ഷേ ഇത് അറിയണമെങ്കിൽ മനുസ്മൃതി ഒരിക്കൽ വായിക്കുക- ജസ്റ്റീസ് സമീർ ജെ. ദവെ പറഞ്ഞു.
പെൺകുട്ടിയെ വൈദ്യപരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. അടിയന്തരമായി ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് പെൺകുട്ടിയെ വൈദ്യപരിശോധന നടത്താൻ രാജ്കോട്ടിലെ ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയ ശേഷമേ ഹർജിയിൽ കോടതി തീരുമാനമെടുക്കൂ. കേസിൽ അടുത്ത വാദം കേൾക്കുന്നത് ജൂൺ 15 ലേക്ക് മാറ്റി.
സഹോദരനിൽനിന്നു ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഏഴ് മാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ കേരള ഹൈക്കോടതി അടുത്തിടെ അനുമതി നൽകിയിരുന്നു. പെൺകുട്ടിയുടെ പിതാവാണ് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ ഗർഭഛിദ്രത്തിന് ഉത്തരവിട്ടത്. കുട്ടി ഗർഭിണിയായതു സ്വന്തം സഹോദരനിൽനിന്നാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ വലിയ സങ്കീർണതകൾ ഈ കേസിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.