കോവിഡ് വർധിക്കുന്നു; ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി
Wednesday, March 22, 2023 7:34 PM IST
ന്യൂഡൽഹി: കോവിഡ് വർധന കണക്കിലെടുത്ത് നിലവിലെ സാഹചര്യവും പൊതുജനാരോഗ്യവും അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ ഇന്ന് 1,134 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 7,026 ആയി ഉയർന്നു.
അഞ്ച് പുതിയ മരണങ്ങളോടെ മരണസംഖ്യ 5,30,813 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി 1.09 ശതമാനമായി രേഖപ്പെടുത്തി. പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനമാണ്. അതേസമയം പുതിയ സബ് വേരിയന്റായ എച്ച്3എൻ2 കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.
ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും യോഗത്തിൽ പങ്കെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.