ഒഡീഷ ട്രെയിൻ ദുരന്തം; മരണസംഖ്യ വീണ്ടും തിരുത്തി സർക്കാർ
Tuesday, June 6, 2023 10:37 PM IST
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണത്തിൽ വീണ്ടും തിരുത്തൽ വരുത്തി സർക്കാർ. അപകടത്തിൽ ആകെ 288 പേർ മരിച്ചതായി ഒഡീഷ സർക്കാർ വ്യക്തമാക്കി. നേരത്തെ 275 പേർ മരിച്ചെന്നാണ് അറിയിച്ചിരുന്നത്.
മൃതദേഹങ്ങളുടെ എണ്ണം വിശദമായി പരിശോധിച്ചതിനാലാണ് മരണസംഖ്യയിൽ തിരുത്തൽ വരുത്തുന്നതെന്നും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ചിലർ മരിച്ചതായും അധികൃതർ അറിയിച്ചു.
നേരത്തെ, 288 പേർ മരിച്ചെന്ന അറിയിപ്പ് തിരുത്തിയാണ് സർക്കാർ മരണസംഖ്യ 275 എന്ന് പ്രഖ്യാപിച്ചത്. ഈ പട്ടികയാണ് വീണ്ടും തിരുത്തിയത്.
205 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞതായും ഇവ കൈമാറിയെന്നും സർക്കാർ അറിയിച്ചു. 83 മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.