ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: അമ്മയും പങ്കാളിയും അറസ്റ്റിൽ
Tuesday, December 5, 2023 8:08 PM IST
കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയും പങ്കാളിയും അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ ആലുപ്പുഴ തുറവൂർ സ്വദേശിനി അശ്വതി, പങ്കാളിയായ കണ്ണൂർ മൗവഞ്ചേരി സ്വദേശി ഷാനിഫ് എന്നിവരാണ് അറസ്റ്റിയാലത്.
ഡിസംബര്‍ ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്തത്. മൂന്നാം തീയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം.
ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ തലയിൽ ഷാനിഫ് കാല്‍മുട്ടുകൊണ്ട് ശക്തമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞ് മരിച്ചോ എന്ന് സ്ഥിരീകരിക്കാൻ കടിച്ച് കുട്ടി കരയുന്നില്ലെന്നും ഷാനിഫ് ഉറപ്പുവരുത്തി.
പിന്നീട് ഇവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി അസ്വസ്ഥത കാണിച്ച് നിര്‍ത്താതെ നിലവിളിച്ചുവെന്നും പിന്നീട് ഉറങ്ങിയിട്ട് എണീക്കുന്നില്ലെന്നും പറഞ്ഞാണ് ഇവർ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.